Kerala
തൃശൂർ: പാര്ട്ടി വിരുദ്ധ പ്രവര്ത്തനങ്ങളെ തുടർന്ന് നാട്ടിക എംഎൽഎ സി.സി.മുകുന്ദനെ സിപിഐയിൽ നിന്ന് പുറത്താക്കി. സിപിഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്.
മുകുന്ദന് നിരന്തരമായി അച്ചടക്കം ലംഘിച്ചുകൊണ്ട് പാര്ട്ടിവിരുദ്ധമായ പ്രവര്ത്തനങ്ങള് നടത്തിവരികയാണ്. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി പല തവണ പാർട്ടി നടപടി സ്വീകരിച്ചു. തിരുത്തല് വരുത്താന് പാര്ട്ടി ശ്രമിച്ചു. നടപടിയുടെ ഭാഗമായി കഴിഞ്ഞ പാര്ട്ടി സമ്മേളനകാലത്ത് ജില്ലാ എക്സിക്യൂട്ടീവില് നിന്ന് മാറ്റി.
തുടർന്ന് നാട്ടിക മണ്ഡലം കമ്മിറ്റിയംഗമായി പ്രവര്ത്തിച്ചുവരികയായിരുന്നു. പിന്നീടും പാർട്ടി വിരുദ്ധപ്രവർത്തനം നടത്തുന്നതിനാൽ അദ്ദേഹത്തെ പുറത്താക്കുകയാണെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. നാട്ടികയിലെ സ്ഥാനാർഥിത്വത്തിൽ നിന്ന് ഒഴിവാക്കിയതിനു പിന്നാലെ അദ്ദേഹം പാർട്ടിയിൽ നിന്ന് രാജിവച്ചിരുന്നു.
നാട്ടികയിൽ ഗീതാഗോപിയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് മുകുന്ദൻ നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചത്. പാർട്ടിയിൽ നിന്ന് രാജിവെച്ച അദ്ദേഹം സ്വതന്ത്രനായി മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. പിന്നാലെ കോൺഗ്രസ് നേതാക്കൾ മുകുന്ദനെക്കണ്ട് പിന്തുണ അറിയിച്ചിരുന്നു.
Kerala
കണ്ണൂർ: പയ്യന്നൂർ ഫണ്ട് വെട്ടിപ്പ് വെളിപ്പെടുത്തലിന് പിന്നാലെ സിപിഎം പാർട്ടിയിൽ നിന്ന് പുറത്താക്കിയതിൽ പ്രതികരണവുമായി വി. കുഞ്ഞികൃഷ്ണൻ. സിപിഎം ജില്ലാ സെക്രട്ടറി കെ. കെ. രാഗേഷിന്റെ വാർത്താ സമ്മേളനം കേട്ടു. നേരത്തെ പറയുന്നതിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും പുതിയ കാര്യങ്ങൾ ഉണ്ടെന്ന് തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.
"ചിലതൊക്കെ കേട്ടപ്പോൾ ചിരിയാണ് വന്നത്. ഏഷ്യാനെറ്റിന് അഭിമുഖം നൽകിയത് അജണ്ടയുടെ ഭാഗമല്ല. കൈരളി എന്റെ അഭിമുഖം സംപ്രേഷണം ചെയ്യുമായിരുന്നുവെങ്കിൽ ഞാൻ അത് അവർക്ക് കൊടുക്കുമായിരുന്നു. എന്നാൽ അങ്ങനെ ചെയ്യില്ലെന്ന് എനിക്ക് ഉറപ്പാണ്. അതുകൊണ്ടാണ് ഏഷ്യാനെറ്റിന് നൽകിയത്. കൈരളി ഒഴികെ ആർക്ക് അഭിമുഖം നൽകിയാലും പാർട്ടി ഇതേ വാദമാണ് ഉന്നയിക്കുക.'-കുഞ്ഞികൃഷ്ണൻ പറഞ്ഞു.
ഏഷ്യാനെറ്റിന് അഭിമുഖം നൽകാൻ മറ്റൊരു കാരണം കൂടിയുണ്ടെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു. "ഫണ്ട് തട്ടിപ്പ് ആരോപണം ഉയർന്നതിന് പിന്നാലെ ഏഷ്യാനെറ്റിനെതിരെ മാനനഷ്ടക്കേസ് കൊടുത്തുവെന്നാണ് ടി.ഐ. മധുസൂദനൻ പയ്യന്നൂരിലെ ജനങ്ങളോട് പറഞ്ഞത്. അതിൻ്റെ സത്യാവസ്ഥ എന്താണെന്ന് ആർക്കും അറിയില്ല. ആ കേസിന്റെ കാര്യം മധുസൂദനനും ഏഷ്യനെറ്റിനും മാത്രമേ പറയാൻ കഴിയൂ.
അഭിമുഖത്തിൽ ഞാൻ ആ കാര്യം ചോദിച്ചപ്പോൾ കിട്ടിയ മറുപടി നാല് വർത്തിനിടയിൽ ടി.ഐ. മധുസൂദനൻ ചാനലിനെതിരെ ഒരു പരാതിയും നൽകിയിട്ടില്ല എന്നാണ്. പയ്യന്നൂരിലെ പാര്ട്ടിയെ കൂട്ടി യോജിപ്പിക്കാന് തനിക്ക് കഴിയില്ല എന്നുണ്ടെങ്കില് അത് ഏരിയ കമ്മിറ്റിയില് ചര്ച്ച ചെയ്യണ്ടേ? ഒരു ചര്ച്ചയും നടന്നിട്ടില്ല. ചില ആളുകള്ക്ക് ആത്മനിഷ്ഠമായി തോന്നി, അവര് നടപ്പിലാക്കി. 21 പേരില് 17 പേരും ഏരിയ സെക്രട്ടറിയെ മാറ്റരുതെന്ന് പറഞ്ഞു.
"ഉച്ചയ്ക്ക് 12 മണിക്ക് ഇപ്പോള് അര്ധരാത്രിയാണ് എന്ന് എം.വി ജയരാജന് പറഞ്ഞാല് അത് അംഗീകരിച്ചു പോകാന് എല്ലാവരെയും കിട്ടില്ല. അക്കാര്യം അന്നേ പറഞ്ഞതാണ് കുന്നരു സര്വീസ് സഹകരണ ബാങ്ക്, പെരളം സര്വീസ് സഹകരണ ബാങ്ക് എന്നിവയില് നിന്ന് പിരിച്ച പണം അക്കൗണ്ടില് വന്നില്ല. 2021 ല് ഇക്കാര്യം പറഞ്ഞു. അന്ന് ഏരിയ സെക്രട്ടറി ടി.ഐ. മധുസൂദനന് ആണ്.'-കുഞ്ഞികൃഷ്ണൻ കൂട്ടിച്ചേർത്തു.
അത് വിശദീകരിക്കാന് അദ്ദേഹം തയ്യാറായില്ല. വരവ് കൂടിയപ്പോള് ചെലവും കൂട്ടിയാണ് കണക്ക് അവതരിപ്പിച്ചത്. ഓഫീസ് ഉദ്ഘാടനം നടന്ന് 11 മാസം കഴിഞ്ഞിട്ട് കണക്ക് അവതരിപ്പിച്ചപ്പോള് പുതിയ ചെലവുകള് വന്നത് എങ്ങനെ? വൗച്ചറുകള് നഷ്ടപ്പെട്ടു എന്നാണ് ഓഡിറ്റിങ്ങില് എഴുതി നല്കിയത്.
ധനരാജ് ഫണ്ടുമായി ബന്ധപ്പെട്ട് കൃത്യമായ കണക്ക് പറയാന് ജില്ലാ സെക്രട്ടറി തൈയാറായിട്ടില്ല. കെട്ടിട നിര്മ്മാണ ഫണ്ടില് നിന്നും ധനരാജ് ഫണ്ടില് നിന്നും 54 ലക്ഷം രൂപ പാര്ട്ടിയ്ക്ക് നഷ്ടപ്പെട്ടു. വ്യക്തി വിരോധമെന്ന രാഗേഷിന്റെ ആരോപണത്തിനും കുഞ്ഞികൃഷ്ണന് മറുപടി പറഞ്ഞു. അങ്ങനെ ഉണ്ടെങ്കില് ഏരിയ കമ്മിറ്റിയില് ഇക്കാര്യം ഉന്നയിക്കാത്തത് എന്തുകൊണ്ടെന്ന് അദ്ദേഹം ചോദിച്ചു.
അങ്ങനെ ഒരു ചര്ച്ച വന്നിട്ടില്ല. രസീത് ആരുടെ കയ്യില് നിന്നാണ് നഷ്ടപ്പെട്ടത് എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഓഫീസ് സെക്രട്ടറിയുടെ കയ്യില് നിന്ന് നഷ്ടപ്പെട്ടു എന്ന് ആദ്യം പറഞ്ഞ രസീത് പിന്നീട് ടി.ഐ. മധുസൂദനന് എംഎല്എ ഹാജരാക്കി. അതെങ്ങനെ സാധിച്ചുവെന്നും കുഞ്ഞികൃഷ്ണന് ചോദിച്ചു.
Kerala
പാലക്കാട്: ഔദ്യോഗിക സ്ഥാനാര്ഥിക്കെതിരെ പ്രവര്ത്തിച്ച മൂന്ന് പ്രവർത്തകരെ പാർട്ടിയിൽ നിന്ന് പുറത്താക്കി കോൺഗ്രസ്. പാലക്കാട് ബ്ലോക്ക് കോണ്ഗ്രസ് അംഗം കാജാ ഹുസൈന്, യൂത്ത് കോണ്ഗ്രസ് പ്രവര്ത്തകന് സദ്ദാം ഹുസൈന്, മുന് വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാന് എന്നിവരെയാണ് പാര്ട്ടിയില് നിന്ന് പുറത്താക്കിയത്.
ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്ട്ടിയില് നിന്ന് പുറത്താക്കുന്നത്. പാലക്കാട് നഗരസഭയില് സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില് ഔദ്യോഗിക സ്ഥാനാര്ത്ഥിക്കെതിരെ വിവിധയിടങ്ങളില് സ്ഥാനാര്ഥിയെ നിര്ത്തിയിരുന്നു.
Kerala
തിരുവനന്തപുരം: മുൻകൂർ ജാമ്യാപേക്ഷ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളുകയും കോൺഗ്രസ് പുറത്താക്കുകയും ചെയ്തതിനു പിന്നാലെ സ്ത്രീപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ കീഴടങ്ങാൻ സാധ്യത. അറസ്റ്റ് ചെയ്യുന്നതു കോടതി വിലക്കിയിട്ടില്ല.
മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുമെന്നു വാർത്തകൾ പ്രചരിക്കുന്നുണ്ടെങ്കിലും കീഴടങ്ങുന്നതാവും നല്ലതെന്ന ഉപദേശം അടുപ്പമുള്ളവർ രാഹുലിനു നൽകിയെന്നാണ് സൂചന. രണ്ടു ഗുരുതര കേസുകൾ വന്നതോടെ മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യത മങ്ങിയെന്നാണ് വിലയിരുത്തൽ. അതിനാൽ രാഹുൽ മാങ്കൂട്ടത്തിൽ വൈകാതെ കീഴടങ്ങിയേക്കും.
വ്യാജപരാതി ആണെന്നുള്ള രാഹുലിന്റെ വാദങ്ങൾ തള്ളിയാണ് കോടതിവിധി. രാഹുലിനെതിരേ മറ്റൊരു ബലാത്സംഗക്കേസ് കൂടി രജിസ്റ്റർ ചെയ്തതും മുൻകൂർ ജാമ്യം കിട്ടാനുള്ള സാധ്യതയെ ബാധിച്ചു.
കോടതിവിധി വന്നതിനു തൊട്ടുപിന്നാലെയാണ് കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തെ പാർട്ടിയിൽനിന്നു പുറത്താക്കിയത്. നിലവിൽ സസ്പെൻഷൻ നടപടിയായിരുന്നു പാർട്ടി സ്വീകരിച്ചിരുന്നത്.
എന്നാൽ, മറ്റൊരു യുവതികൂടി പരാതിയുമായി കെപിസിസിയെത്തന്നെ സമീപിച്ചതോടെ കടുത്ത നടപടി വേണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽത്തന്നെ ശക്തമായിരുന്നു. വനിതാ നേതാക്കൾ ഈ ആവശ്യം ശക്തമായി ഉന്നയിച്ചു. ബ്രഹ്മാസ്ത്രം പ്രയോഗിക്കാൻ സമയമായെന്നു കെ. മുരളീധരൻ ബുധനാഴ്ച പറഞ്ഞിരുന്നു.
സമ്മർദം ശക്തമായതോടെയാണ് മാങ്കൂട്ടത്തിലിനെ പുറത്താക്കാൻ കോൺഗ്രസ് തീരുമാനിച്ചത്. പുറത്താക്കൽ മാധ്യമങ്ങളെ അറിയിച്ച കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രാഹുൽ എംഎൽഎസ്ഥാനം ഒഴിയുന്നതാകും നല്ലതെന്നും അഭിപ്രായപ്പെട്ടു.
പുറത്താക്കൽ എഐസിസിയുടെ അനുമതിയോടെയാണെന്നു ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ മാധ്യമങ്ങളോടു പറഞ്ഞു. എംഎൽഎ സ്ഥാനം ഒഴിയുന്നതാവും നല്ലതെന്നു രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
പാർട്ടിയും കൈവിട്ടതോടെ കീഴടങ്ങുന്നതാവും നല്ലതെന്ന ചിന്ത രാഹുലുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ശക്തമായെന്നാണ് അറിയുന്നത്. കഴിഞ്ഞ എട്ടു ദിവസമായി ഒളിവിൽ കഴിയുകയാണ് എംഎൽഎകൂടിയായ രാഹുൽ മാങ്കൂട്ടത്തിൽ. അദ്ദേഹം എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഇന്ന് ഒരു വർഷം പൂർത്തിയാകുന്പോഴാണ് കനത്ത തിരിച്ചടി.
Kerala
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ മത്സരിക്കുന്ന കോൺഗ്രസ് വിമത സ്ഥാനാർഥികളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. വിമതരെ പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അറിയിച്ചു.
നാറാത്ത് പഞ്ചായത്തിലെ നാലാംവാർഡായ കോട്ടാഞ്ചേരിയിൽ മത്സരിക്കുന്ന മനീഷ് കണ്ണോത്ത്, വളപട്ടണം പഞ്ചായത്തിലെ ഏഴാം വാർഡ് സ്ഥാനാർഥി കെ.പി. വസന്ത, ചിറക്കൽ പഞ്ചായത്തിലെ 16-ാം വാർഡ് സ്ഥാനാർഥി കെ. അജയകുമാർ എന്നിവരെയാണ് പുറത്താക്കിയത്.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിലെ വാർഡുകളിലും അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡിലും കോൺഗ്രസ് ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ വിമതരായി മത്സരിക്കുന്ന കോൺഗ്രസ് സ്ഥാനാർഥികളെയും പാർട്ടിയിൽനിന്ന് പുറത്താക്കി.
ഉളിക്കൽ ഗ്രാമപ്പഞ്ചായത്തിൽ വിമത സ്ഥാനാർഥികളായി മത്സരിക്കുന്ന വാർഡ് ഒന്ന് മണിക്കടവ് നോർത്തിലെ ഒ.വി. ഷാജു, വാർഡ് 18 മുണ്ടാനൂരിലെ കോൺഗ്രസ് മണ്ഡലം എക്സിക്യുട്ടീവ് അംഗം എം.എം. മാത്യു, വാർഡ് 20 മണിപ്പാറയിലെ കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി റീസൺ ചക്കാനിക്കുന്നേൽ, വാർഡ് 22 മണിക്കടവ് സൗത്തിലെ മഹിളാ കോൺഗ്രസ് വാർഡ് പ്രസിഡന്റ് റീന മാളിയപുരയ്ക്കൽ വിമത പ്രവർത്തനം നടത്തിയ മണിക്കടവ് ഒന്നാം വാർഡ് സെക്രട്ടറി ബിനോയ് പള്ളിപ്പുറം എന്നിവരെയാണ് പുറത്താക്കിയത്.
അയ്യൻകുന്ന് പഞ്ചായത്തിലെ നാലാംവാർഡ് വാണിയപ്പാറയിൽ കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്ന മഹിളാ കോൺഗ്രസിലെ സീമ സനോജിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
Kerala
കൊച്ചി: പങ്കാളിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ യുവമോർച്ച നേതാവ് ഗോപു പരമശിവത്തെ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. ബിജെപി എറണാകുളം ജില്ലാ പ്രസിഡന്റ് ആണ് ഇക്കാര്യം അറിയിച്ചത്.
ബിജെപിയുടെ കോൾ സെന്റർ ജീവനക്കാരിയും നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ പരാതിയിൽ യാതൊരു തരത്തിലുള്ള നടപടിയും പാർട്ടി എടുത്തില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ് പാർട്ടിയുടെ പ്രാഥമിക അഗത്വത്തിൽ നിന്ന് ഗോപുവിനെ പുറത്താക്കിയതായി ജില്ലാ പ്രസിഡന്റ് അറിയിച്ചത്. യുവമോർച്ചയുടെ ജില്ലാ സെക്രട്ടറി കൂടിയാണ് ഗോപു.
എന്നാൽ യുവമോർച്ച ഏതെങ്കിലും സംഘടനാ നടപടി എടുത്തതായി അറിയിച്ചിട്ടില്ല. കഴിഞ്ഞ അഞ്ച് വർഷമായി ഒരുമിച്ച് താമസിച്ചിരുന്ന പങ്കാളിയാണ് ഗോപുവിൽ നിന്ന് അതിക്രൂരമായ മർദനം നേരിട്ടതായി വെളിപ്പെടുത്തിയത്.
ദേഹം മുഴുവൻ മർദനമേറ്റ പാടുകളുമായാണ് യുവതി മരട് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ചായിരുന്നു മർദനമെന്നും ചാർജർ പൊട്ടുന്നത് വരെ അടിക്കുന്നതാണ് ഇയാളുടെ രീതിയെന്നും യുവതി പറഞ്ഞു. വീട്ടിൽ നിന്നും പുറത്തുപോകാൻ സമ്മതിക്കാതെ പൂട്ടിയിടാറുണ്ടായിരുന്നെന്നും യുവതി മൊഴി നൽകി.
ഗോപുവിൽ നിന്ന് തനിക്ക് വധഭീഷണി ഉണ്ടായിരുന്നെന്നും ജീവൻ രക്ഷിക്കാനാണ് വീട്ടിൽ നിന്ന് ഇറങ്ങിപ്പോന്നതെന്നും യുവതി വെളിപ്പെടുത്തി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് നേരത്തെ ഗോപു പരമശിവം മരട് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് പെൺകുട്ടിയെ കണ്ടെത്തി ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, ഗോപുവിനെതിരെ വധശ്രമത്തിന് കേസെടുത്ത് പോലീസ് കസ്റ്റഡിയിലെടുത്തു.
വിവാഹമോചിതയായ യുവതിക്ക് ആദ്യ വിവാഹത്തിലുള്ള കുട്ടികളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്.
National
ചെന്നൈ: എഐഎഡിഎംകെ മുൻ മന്ത്രിയും എംഎൽഎയുമായ കെ.എ. സെങ്കോട്ടയ്യനെ പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാർട്ടിയിൽനിന്ന് നേരത്തെ പുറത്താക്കിയ ഒ. പനീർസെൽവത്തിനും ടി.ടി.വി. ദിനകരനുമൊപ്പം തേവർ സ്മാരകത്തിലെത്തിയതിന് പിന്നാലെയാണ് നടപടി.
പാർട്ടിയുടെ അന്തസ് കളങ്കപ്പെടുത്തിയവരെ പുറത്താക്കുമെന്നും ആവർത്തിച്ച് പാർട്ടി നിയമങ്ങൾ ലംഘിച്ചുവെന്നും കെ.എ. സെങ്കോട്ടയ്യനെ പുറത്താക്കിയ വിവരം അറിയിച്ച് എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമി പറഞ്ഞു.
എംജിആറും ജയലളിതയും മുന്നോട്ടുവെച്ച തത്വങ്ങൾ ഇപ്പോഴും മുറുകെ പിടിക്കുന്ന പാർട്ടിയാണ് എഐഎഡിഎംകെ. പാർട്ടിയുടെ നിലപാടുകൾക്കും നിയമങ്ങൾക്കുമെതിരെ ആര് പ്രവർത്തിച്ചാലും പദവിയോ സ്ഥാനങ്ങളോ നോക്കാതെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും പളനിസ്വാമി പറഞ്ഞു.
ആരും പാർട്ടിക്കും അതിന്റെ തത്വശാസ്ത്രങ്ങൾക്കും അധീതരല്ലെന്നും സെങ്കോട്ടയ്യനുമായി ബന്ധപ്പെടരുതെന്നും നേതാക്കളോട് പളനിസ്വാമി നിർദേശിച്ചു.
തെരഞ്ഞെടുപ്പിൽ ജയിച്ച് അധികാരത്തിലേറണമെങ്കിൽ പാർട്ടിയിൽ ഐക്യം ഉയർന്നുവരണമെന്നും പുറത്താക്കപ്പെട്ട വേലുമണി, തങ്കമണി, സി.വി. ഷൺമുഖം, അൻപഴകൻ, വി.കെ. ശശികല, ടി.ടി.വി. ദിനകരൻ, ഒ. പനീർശെൽവം എന്നിവരെ പാർട്ടിയിലേക്ക് തിരിച്ചെടുക്കണമെന്നും സെങ്കോട്ടയ്യൻ അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇദ്ദേഹത്തെ പാർട്ടി പദവികളിൽനിന്നും നീക്കിയിരുന്നു.